Sunday, February 22, 2009

നിരാശാജനകം

ഈയിടെ എനിക്കുണ്ടായ ഒരു നിരാശാജനകമായ കാര്യത്തെക്കുറിച്ചാണ് ഞാൻ പറയുന്നത്. ഒരു ദിവസം വീട്ടിലിരുന്ന് മുഷിഞ്ഞപ്പോൾ പുറത്തേക്ക് ഇറങ്ങിയാലോ എന്ന് ആലോചിച്ചു. അച്ഛൻ വീട്ടിൽ കിടന്ന് ഉറങ്ങുകയാണ്. എന്റെ ബൈക്ക് പണിമുടക്കിയിരിക്കുകയാണ്. അച്ഛന്റെ ബൈക്ക് എടുക്കാം. ഉടൻ തന്നെ സുഹ്രത്തും സർവോപരി ഫോട്ടോഗ്രാഫറുമായ മിധുനെ വിളിച്ചു. എവിടെ പോകാനും അവൻ റെഡി. നേരെ അവന്റെ വീട്ടിലേക്ക് വിട്ടു.
കുറേ നാളുകളായ് ഞാൻ ഇരിങ്ങോൾ കാവിനെ കുറിച്ച് അറിഞ്ഞിട്ട്. വന മദ്ധ്യത്തിൽ ഒരു ക്ഷേത്രം. ഇന്റെർനെറ്റിലെ പതിവ് സഞ്ചാരത്തിനിടയ്ക്കാണ് അതിനെ കുറിച്ച് അറിഞ്ഞത്. ഞാൻ പലരോടും അന്വേഷിച്ചെങ്കിലും കേട്ടിട്ടുണ്ടെന്നല്ലാതെ പ്രത്യേകമായിട്ട് ഒരു വിവരവും കിട്ടിയില്ല. നെറ്റിലും ഇതിനെ കുറിച്ച് വലിയ പരാമർശമൊന്നും തന്നെയില്ല.ശരിക്കും ക്ഷേത്രം എന്നത് കണ്ടിട്ടല്ല എനിക്ക് പോകാൻ തോന്നിയത്. ചെറുപ്പം മുതലേ വനം, വന്യജീവി, മലകൾ, യാത്ര തുടങ്ങിയവ എന്നെ ഹരം പിടിപ്പിക്കുന്നവയാണ്. കണ്ടിട്ടില്ലാത്തതിനാൽ അവിടം മനസ്സിൽ സങ്കല്പിച്ചു. ആഹാ!!!! വനവും അതിന്റെ നടുക്ക് പുരാതനമായ ഒരു അമ്പലവും, എന്ത് രസമായിരിക്കും.
സുഹ്രത്തിനെ പിക്ക് ചെയ്ത് നേരെ പെരുംബാവൂരിന്. അവിടെ അടുത്താണ് ഈ ക്ഷേത്രം. അവന് ഒരു പഴയ NIKON D7O SLR CAMERA ഉണ്ട്. വഴി നല്ല നിശ്ചയം ഇല്ല. മലയാളം നന്നായി അറിയാമെന്നത് കൊണ്ട് വഴി ചോദിച്ച് ചോദിച്ച് പോയി. അവിടെ ചെന്ന്പ്പൊൾ തന്നെ ആഹ്ലാദം ഇരട്ടിച്ചു. ആദ്യം കണ്ടത് ഒരു ബോർഡാണ്.കാമറ, സിനിമ, സീരിയൽ ഷൂട്ടിംഗിനു അനുവാദം ചോദിച്ചിരിക്കണം, ഫോട്ടോസ് നെറ്റിൽ ഇടാൻ പാടില്ല, അവിടെയുള്ള ജീവികളെ ശല്യം ചെയ്യരുത് എന്നൊക്കെയാണ് എഴുതി വച്ചിരിക്കുന്നത്.ബൈക്ക് അവിടെ വച്ചിട്ട് ഞങ്ങൾ നടന്നു. ആ ആഹ്ലാദം അധികം നീണ്ട് നിന്നില്ല. ഞങ്ങൾ 10 അടി നടന്ന്പ്പോൾ തന്നെ അമ്പലമെത്തി. അതൊരു ദേവീ ക്ഷേത്രം ആണ്.അതും ദേവസ്വം വക. ദൈവമേ!!! ഇവിടെ കാണാൻ ഒന്നും ഇല്ലല്ലൊ.
തിരിച്ച് വീട്ടിലേക്ക് പോകാം എന്ന് കരുതി തിരിഞ്ഞപ്പോൾ ഒരു കുടുംബം അമ്പലമുറ്റത്ത് ഇറങ്ങാതെ ഒരു വഴിയിലൂടെ അമ്പലത്തിനു മുൻപിലേക്ക് പോകുന്നത് കണ്ടു.
അവിടെ എന്തെങ്കിലും കാണാൻ ഉണ്ടാകുമോ? നേരെ അമ്പലത്തിനു മുൻപിൽ എത്തി. കൊള്ളാം. അവിടം കാവ് പോലെ ആണ്.അതിന്റെ നടുവിലൂടെ ഒരു 100 മീറ്റർ നീളത്തിൽ ഒരു വഴിയും. അറ്റത്ത് പരിസരവാസികളുടെ പറമ്പാണ്. എന്തായാലും ചെറിയ ഇരുട്ട് ആണവിടെ. അനന്ദഭദ്രം പോലുള്ള സിനിമയിൽ കാണിക്കുന്ന കാവും പരിസരവും പോലത്തെ ഫീലിംഗ്. അവിടം എനിക്ക് ഇഷ്ടപ്പെട്ടു. ഞങ്ങൾ വെറുതെ കുറച്ച് പോട്ടം പിടിക്കാനായ് അവിടെ നടന്നു.അത്രേയുള്ളൂ അവിടത്തെ കാഴ്ചകൾ. കുറച്ച് നേരം കഴിഞ്ഞ് ബൈക്കും എടുത്ത് നേരെ വീട്ടിലേക്ക് പോന്നു. അത്ഭുതമെന്ന് പറയട്ടെ കാമറയിൽ എടുത്ത ഒരു പോട്ടവും കിട്ടിയില്ല. കമ്പ്യൂട്ട്രറുമായ് കണക്റ്റ് ചെയ്തപ്പോൾ കാർഡ് എറർ എന്ന് കാണിച്ചു

എനിക്ക് പറയാനുള്ളത്


ക്ഷേത്രത്തിൽ പോകണമെന്നുള്ളവർ പോകുക. സമയം ചെലവഴിക്കാനാണെങ്കിൽ പോകണമെന്നില്ല. കാരണം ഇവിടെ ഒന്നും തന്നെ കാണാൻ ഇല്ല എന്നത് തന്നെ.
അവിടെ കുരങ്ങമ്മാർ ഉണ്ടെന്ന് കേട്ടിരുന്നെങ്കിലും ഞങ്ങൾക്ക് ഒരു ഈച്ചയെപ്പോലും കാണാൻ സാധിച്ചില്ല. ഈ ക്ഷേത്രത്തിന്റെ പോട്ടങ്ങൾ മുങ്കൂർ അനുമതി മേടിക്കാതെ പോസ്റ്റാൻ പാടില്ല എന്നതിലാവണം നെറ്റിൽ അമ്പലത്തിന്റെ പോട്ടങ്ങൾ കാണുവാൻ സാധ്യതയില്ല.( സാധാരണ ഞാൻ എവിടെ എങ്കിലും പോകുമ്പോൾ കൂട്ടുകാരുടെ ഒരു പട തന്നെ കൂടെ ഉണ്ടാകും. ഈ പ്രാവശ്യം ആരും കൂടെ ഇല്ലാരുന്ന്തിനാൽ ഇടി കൊല്ലാതെ രക്ഷപെട്ടു)